03:28am 07 November 2026
NEWS
ജി.എസ്.ടി പരിഷ്‌ക്കരണമല്ല, അസമത്വമാണ്
01/10/2025  08:11 PM IST
ചെറുകര സണ്ണീലൂക്കോസ്
ജി.എസ്.ടി പരിഷ്‌ക്കരണമല്ല, അസമത്വമാണ്
HIGHLIGHTS

ചെറുകിട സംരംഭകർ പ്രതിസന്ധിയിൽ

ചരക്കുസേവന നികുതിയിലെ(ജി.എസ്.ടി) ഏറ്റവും വലിയ പരിഷ്‌ക്കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിലായി. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ ഒന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കുസേവന നികുതി (Goods and Service Tax-GST).
ഒരു രാഷ്ട്രം ഒരു നികുതി ഒരു വിപണി (One Nation, One Tax, One Market) എന്ന സന്ദേശം ഉയർത്തിയ ജി.എസ്.ടി രാജ്യത്ത് നടപ്പിലാക്കിയത് പാർലമെന്റിലെ ഇരുസഭകളിലെ ഭൂരിപക്ഷ പിന്തുണയോടെയും പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണയോടെയുമാണ്. ഇതിനായി ഭരണഘടന ഭേദഗതി(101-ാം) ചെയ്യുകയുണ്ടായി.

2017 ജൂൺ 30 വരെ രാജ്യത്ത് നിലവിലുണ്ടായിരുന്ന കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി, സേവനനികുതി, അധിക കസ്റ്റംസ് ഡ്യൂട്ടി, സംസ്ഥാന മൂല്യവർദ്ധന നികുതി  (VAT), സംസ്ഥാന സർക്കാർ പിരിക്കുന്ന കേന്ദ്ര വിൽപ്പന നികുതി, ആഡംബരനികുതി, പ്രവേശനനികുതി, വിനോദനികുതി, കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തിയിരുന്ന വിവിധതരം സെസുകളും സർചാർജുകളും എല്ലാം കൂടി ലയിപ്പിച്ചാണ് ജി.എസ്.ടി എന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായം നിലവിൽ വന്നത്.

എന്നാൽ, വൈദ്യുതി, പെട്രോളിയം ഉൽപ്പന്നങ്ങൾ, ജനങ്ങൾ ഉപയോഗിക്കുന്ന മദ്യം ഇവയൊന്നും ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെട്ടിരുന്നില്ല. ജി.എസ്.ടിയിലെ നികുതി സ്ലാബുകളെ 0%, 5%, 12%, 18%, 28% എന്നീ രണ്ട് സ്ലാബുകൾ മാത്രമായി പരിമിതപ്പെടുത്തി. പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ആഡംബര ഉൽപ്പന്നങ്ങൾക്കും പുകയില, സിഗററ്റുപോലെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കും ലോട്ടറിക്കും 40 ശതമാനം എന്ന ഉയർന്ന നിരക്കും നടപ്പിൽ വന്നിട്ടുണ്ട്.

ജി.എസ്.ടി പരിഷ്‌ക്കരണം നിലവിൽ വരുന്നതിന് തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി പരിഷ്‌ക്കരണം രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മാറ്റിമറിക്കുമെന്നും സർവ്വതോന്മുഖ പുരോഗതിയിലേക്ക് നയിക്കുമെന്നും അവകാശപ്പെട്ടു. കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവകാശപ്പെട്ടത് പരിഷ്‌ക്കരണത്തോടെ രണ്ടുലക്ഷം കോടി രൂപ ജനങ്ങളുടെ കൈകളിലെത്തുമെന്നും ഇത് ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുമെന്നുമാണ്. ചുരുക്കത്തിൽ നരേന്ദ്രമോദി സർക്കാരും ബി.ജെ.പിയും, ജി.എസ്.ടി പരിഷ്‌ക്കരണത്തിലൂടെ സാധാരണ ജനങ്ങൾക്ക് വലിയ സാമ്പത്തിക സഹായം ചെയ്യുകയാണെന്നും പാവപ്പെട്ടവർക്കും, മധ്യവർഗ്ഗത്തിനും, ചെറുകിട വ്യാപാരികൾക്കും, നികുതി പരിഷ്‌ക്കരണം വലിയ ആശ്വാസമാകുമെന്നും 90 ശതമാനം വസ്തുക്കളുടെയും വില കുറയുമെന്നുമുള്ള രാജ്യവ്യാപകമായുള്ള രാഷട്രീയപ്രചാരണമാരംഭിച്ചിരിക്കുകയാണ്.

ചരക്കുസേവന നികുതി നടപ്പിലാക്കുന്നതിനും നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നത് ജി.എസ്.ടി കൗൺസിൽ ആണ്. കേന്ദ്ര ഗവൺമെന്റ് പ്രതിനിധി കൂടാതെ 28 സംസ്ഥാനങ്ങളിൽ നിന്നും 3 കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഇതിൽ അംഗങ്ങളാണ്.
2017 ൽ ജി.എസ്.ടി നടപ്പിലാക്കിയപ്പോൾ ഉയർന്ന നികുതി നിരക്കുവഴി രാജ്യത്തിന്റെ ഖജനാവിൽ എത്തിച്ചേർന്നത് വർഷാവർഷം അനേകലക്ഷം കോടികളാണ്. യഥാർത്ഥത്തിൽ ജി.എസ്.ടി നടപ്പാക്കലിലൂടെ 2017 ൽ സംഭവിച്ചത് ദരിദ്രരുടെ പോക്കറ്റടിക്കുകയാണ്. മാത്രമല്ല ചെറുകിട ബിസിനസുകാരെയും സംരംഭകരെയും വ്യവസായങ്ങളേയും വലിയ തോതിൽ ജി.എസ്.ടി സമ്പ്രദായം നശിപ്പിച്ചുകളഞ്ഞു. അതുകൊണ്ടാണ് രാഹുൽഗാന്ധി ജി.എസ്.ടിയെ  ഗബ്ബാർ സിംഗ് ടാക്‌സ് എന്ന് വിശേഷിപ്പിച്ചത്. ജി.എസ്.ടി പാലിക്കുന്നതുമൂലമുണ്ടാകുന്ന സങ്കീർണ്ണതകൾ കാരണം ഏകദേശം 230,000 ചെറുകിട ബിസിനസ്സുകൾ അടച്ചുപൂട്ടിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ വരുമാനത്തിലോ സമ്പത്തിലോ അല്ല, മറിച്ച് ചരക്കുകളുടെയും സേവനങ്ങളുടേയും ഉപഭോഗത്തിലാണ് ജി.എസ്.ടി ഏകീകൃതമായി ചുമത്തുന്നത്. അതുമൂലം ഉയർന്ന വരുമാനമുള്ള കുടുംബങ്ങളെ അപേക്ഷിച്ച് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ളവരുടെ വരുമാനത്തിന്റെ താരതമ്യേന വലിയ ശതമാനം ജി.എസ്.ടി അടക്കാനായി വേണ്ടി വന്നു. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ അവരുടെ വരുമാനത്തിന്റെ വലിയ ഒരു ഭാഗം ജി.എസ്.ടിക്ക് വിധേയമായ ഭക്ഷണം, വീട്ടുപകരണങ്ങൾ തുടങ്ങിയ ഉപഭോഗവസ്തുക്കൾക്കായി ചെലവഴിക്കേണ്ടി വന്നു. തൽഫലമായി ജി.എസ്.ടി താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് അനുപാതികമല്ലാത്ത ഭാരം ചുമത്തപ്പെട്ടു.
എന്നാൽ ഇത്തരം യാഥാർത്ഥ്യങ്ങൾ എല്ലാം സർക്കാർ അനുകൂലമായ ദേശീയ മാധ്യമങ്ങൾ മൂടിവെച്ചു. അേതമാധ്യമങ്ങൾ തന്നെ പുതിയ ജി.എസ്.ടി പരിഷ്‌ക്കരണം നിത്യോപയോഗ സാധനങ്ങളുടെ വിലക്കുറവിന് ഇടയാക്കുമെന്നും പാവപ്പെട്ടവർക്ക് ആശ്വാസമാകുമെന്നും വാർത്തകളെ ആഘോഷമാക്കുന്നു.

2017-18 ൽ 28% നികുതി നിരക്കുണ്ടായിരുന്ന 224 ആഡംബര ഉൽപ്പന്നങ്ങളിൽ 178 എണ്ണത്തിന്റെ നികുതി  18 ശതമാനത്തിലേക്ക് താഴ്ത്തിയിരുന്നു. ഈ നികുതിമാറ്റത്തിലൂടെ ഉൽപ്പന്നങ്ങളുടെ വില കുറഞ്ഞോയെന്ന് കണ്ടെത്താൻ നടത്തിയ പഠനത്തിൽ വില കുറഞ്ഞിട്ടില്ലെന്ന് കണ്ടെത്തി. റെഫ്രിജറേറ്റർ ഉൾപ്പെടെ 25 ഇനങ്ങൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ,  ഒന്നിനുപോലും വില കുറഞ്ഞിട്ടില്ലെന്നാണ് കണ്ടെത്തിയത്. പകരം ഇവ ഉൽപ്പാദിപ്പിക്കുന്ന കമ്പനികളാണ് നേട്ടമുണ്ടാക്കിയത്.

നികുതിവകുപ്പിന്റെ നിരീക്ഷണം ഭയന്ന് ബിസിനസുകാർ ജി.എസ്.ടി നിരക്കുമാറ്റമുള്ള ഉൽപ്പന്നങ്ങൾക്ക് തൽക്കാലം വിലകുറയ്ക്കുമെങ്കിലും ക്രമേണ വില ഉയർത്തും. പുതിയപേരിലും പുതിയ വിലയിലും അതേ  ഉൽപ്പന്നം വിപണിയിൽ അവതരിപ്പിക്കാനും ഇടയുണ്ട്. അത്തരം തന്ത്രങ്ങളെ നിയമപരമായി സർക്കാരുകൾക്ക് നേരിടുന്നതിനു പരിധിയുണ്ട്. ഇപ്പോഴത്തെ പരിഷ്‌ക്കരണം കൊണ്ട് ചില ഉൽപ്പന്നങ്ങളുടെ വില തൽക്കാലത്തേക്ക് കുറയുന്നത് പൊതുജനങ്ങൾക്ക് ആശ്വാസകരമായി തോന്നാമെങ്കിലും വില നിയന്ത്രണത്തിനുള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലാത്തതുകൊണ്ടുതന്നെ ഈ പരിഷ്‌ക്കരണം പൊതുജനങ്ങളേക്കാൾ ഏറെ ഗുണം ചെയ്യുക കോർപ്പറേറ്റുകൾക്കാകും എന്ന് സാമ്പത്തിക വിദഗ്ദ്ധന്മാർ ചൂണ്ടിക്കാട്ടുന്നു. 2017 ൽ ജി.എസ്.ടി നടപ്പാക്കിയപ്പോഴും സംഭവിച്ചത് ഇതുതന്നെയായിരുന്നു.

ഇന്ത്യയിലെ വരുമാന അസമത്വത്തെക്കുറിച്ച് പഠിക്കുകയും വിശകലനം ചെയ്യുകയും സാമ്പത്തിക നീതിക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന ഓക്‌സ്ഫാം ഇന്ത്യ (oxfam India) റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ വർഷങ്ങളിൽ സാധാരണ മനുഷ്യരുടെ നികുതിഭാരം കുത്തനെ കൂടിയെന്നാണ്. ജി.എസ്.ടി ഇനത്തിൽ കേന്ദ്ര സർക്കാരിന്റെ വരുമാനത്തിന്റെ 64 ശതമാനവും കൊടുക്കുന്നത് താഴെക്കിടയിലുള്ള 50% ജനങ്ങളാണ്. ഏറ്റവും ധനികരായ പത്ത് ശതമാനം വെറും നാല് ശതമാനം മാത്രമാണ് ജി.എസ്.ടിയിലേക്ക് നൽകുന്നത്. കൂടുതൽ സാധാരണക്കാർ പരോക്ഷനികുതിയുടെ വലയിലേക്ക് എത്തുകയും സംസ്ഥാനങ്ങൾക്ക് നികുതി പിരിക്കുന്നതിനുള്ള വഴികൾ ചുരുങ്ങുകയും ചെയ്തു എന്നതാണ് ജി.എസ്.ടി വന്നതുകൊണ്ടുണ്ടായ വലിയ മാറ്റം. അതേസമയം 2019 ൽ കോർപ്പറേറ്റ് നികുതി 30 ശതമാന ത്തിൽ നിന്ന് 22 ശതമാനമായി മോദി സർക്കാർ കുറച്ചു. കഴിഞ്ഞ അഞ്ചുവർഷത്തിൽ ഈ വഴിക്ക് കോർപ്പറേറ്റുകൾ 3 ലക്ഷം കോടി രൂപയെങ്കിലും സമ്പാദിച്ചിട്ടുള്ളതായാണ് വിലയിരുത്തൽ. 

കേന്ദ്രമന്ത്രിസഭയിൽ ഏറ്റവും മികച്ച ഭരണാധികാരി എന്ന നിലയിലും പ്രതിപക്ഷത്തുള്ളവരോട് തികഞ്ഞ ബഹുമാനവും സഹിഷ്ണുതയും പുലർത്തുന്ന ബി.ജെ.പി നേതാവ് എന്ന നിലയിലുമാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിൻഗഡ്കരി അറിയപ്പെടുന്നത്. അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നതിന് മടിക്കാത്ത അദ്ദേഹം ഇക്കഴിഞ്ഞ ജൂലൈ ആദ്യം നാഗ്പൂരിൽ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞത് ഇങ്ങനെ: 'രണ്ട് ഇന്ത്യകൾ. പണമെറിഞ്ഞ് പണമിരട്ടിപ്പിക്കുന്ന പണക്കാരുടെ ഇന്ത്യയാണ് ഒന്ന്. കൃഷിക്കായി വായ്പയെടുത്ത് വാങ്ങുന്ന കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്യുന്ന കർഷകരുടെയും ദരിദ്രരുടെയും ഇന്ത്യയാണ് മറ്റൊന്ന്. ഈ രണ്ട് ഇന്ത്യകൾക്കിടയിലുള്ള വിടവ് വല്ലാതെ വർദ്ധിക്കുകയാണ്. ധനത്തിന്റെ വികേന്ദ്രീകരണമാണ് ഇതിനുള്ള മറുമരുന്ന്.' ഗഡ്കരിയുടെ ഈ പ്രസ്താവന നരേന്ദ്രമോദിയേയും അമിത്ഷായേയും അരിശം കൊള്ളിച്ചിട്ടുള്ളതുപോലെ രാഹുൽഗാന്ധിയുടെ ഏതെങ്കിലും പ്രസ്താവന അരിശം കൊള്ളിച്ചുണ്ടാവില്ല.
ദേശീയമാധ്യമങ്ങൾ  നിതിൻ ഗഡ്കരിയുടെ പ്രസ്താവനയ്ക്ക് അർഹമായ പ്രാധാന്യം നൽകാതെയും വിവാദമാക്കാതെയും സംരക്ഷിച്ചെങ്കിലും ഗഡ്കരിയുടെ പരാമർശത്തിന്റെ അടുത്ത ദിവസം തന്നെ കേന്ദ്ര സർക്കാരിനുകീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ പത്രക്കുറിപ്പ് ഇറങ്ങി. വരുമാനസമത്വത്തിൽ ലോകത്ത് ഇന്ത്യക്ക് നാലാം സ്ഥാനമെന്ന്. പി.ഐ.ബിയുടെ പൊള്ളയായ കണക്കും വാദവും പ്രതിപക്ഷം മണിക്കൂറുകൾക്കകം പൊളിച്ചടുക്കിയത് ലോകബാങ്ക് കണക്ക് നിരത്തിയാണ്. ലോകബാങ്ക് റിപ്പോർട്ട് പ്രകാരം 216 രാജ്യങ്ങളിൽ വരുമാന അസമത്വത്തിൽ ഇന്ത്യയുടെ സ്ഥാനം 2009 ൽ 115 ആയിരുന്നു. 2025 ൽ അത് 176 ആയി.

ഒക്‌സ്ഫാം ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം അടിത്തട്ടിലുള്ള 50 ശതമാനം ഇന്ത്യാക്കാരുടെ കൈകളിൽ രാജ്യത്തെ സമ്പത്തിന്റെ മൂന്ന് ശതമാനം മാത്രമേയുള്ളൂ.അതേസമയം വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന പത്ത് ശതമാനത്തിന്റെ കയ്യിൽ 72 ശതമാനം സ്വത്തുണ്ട്. ശതകോടീശ്വരന്മാരുടെ എണ്ണം 2014 ൽ നരേന്ദ്രമോദി അധികാരം ഏൽക്കുമ്പോൾ 70 ആയിരുന്നെങ്കിൽ 2025 ൽ അത് 284 ആയി. ആഗോള വിശപ്പ് സൂചികയിൽ 2024 ലെ കണക്കനുസരിച്ച് 121 രാജ്യങ്ങളിൽ ഇന്ത്യ 105-ാം സ്ഥാനത്താണ്. ശ്രീലങ്കയും ബംഗ്ലാദേശുമൊക്കെ ഈ പട്ടികയിൽ ഇന്ത്യയെക്കാൾ മികച്ച നിലയിലാണ്.

ഇന്ത്യയിലെ ഏറ്റവും ധനികരായ പത്ത് ശതകോടീശ്വരന്മാരുടെ സ്വത്തിനുമേൽ ഒറ്റത്തവണ 5 ശതമാനം നികുതി ഏർപ്പെടുത്തിയാൽ 1.37 ലക്ഷം കോടി രൂപ കിട്ടുമെന്നാണ് കണക്ക്. അപ്പോൾ ഇന്ത്യയിലെ 284 ശതകോടീശ്വരന്മാർക്ക് 5 ശതമാനം നികുതിയേർപ്പെടുത്തിയാലോ എത്ര ഭീമമായ തുക പാവങ്ങൾക്കായി ചെലവഴിക്കാൻ ലഭിക്കും.

ഈ ചോദ്യങ്ങൾ സ്വന്തം പാർട്ടിയിലെ സ്വന്തം മന്ത്രിസഭയിലെ ഒരു പ്രധാനിപോലും ഉന്നയിച്ചുതുടങ്ങിയപ്പോഴാണ് നിത്യോപയോഗ സാധനങ്ങളുടെ വില കുറയുംവിധം നികുതി പരിഷ്‌ക്കരിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ മാറ്റിമറിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രിയെത്തുന്നത്.

ചങ്ങാത്ത മുതലാളിത്തം സൃഷ്ടിച്ച കടുത്ത അസമത്വം മൂടിവയ്ക്കുന്നതിന് അദാനിയുടെയും അംബാനിയുടെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ ജി.എസ്.ടി പരിഷ്‌കരണം ഇന്ത്യയിലെ പട്ടിണിപാവങ്ങളെ ഉദ്ധരിക്കുന്നതിനുള്ള മോദിയുടെ മഹാമനസ്‌കതയായി കൊട്ടിഘോഷിക്കുന്നതാണ് രാജ്യം ഇപ്പോൾ കാണുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img